
ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള കീം റാങ്ക് പട്ടികയിലും പ്രവേശന നടപടികളിലും സുപ്രീം കോടതി ഇടപെടില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുനഃക്രമീകരിച്ച റാങ്ക് പട്ടികയിൽ മാറ്റം വരുത്താൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിലപാട് അറിയിച്ചത്.
മാർക്കിലെയും റാങ്കിലെയും വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇപ്പോൾ പരിശോധിക്കില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഏകീകരണ ഫോർമുലയിൽ മാറ്റം വരുത്തിയത് നിയമപരമായ പ്രശ്നമാണോയെന്ന് പിന്നീട് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോയെന്ന് ഇന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടി
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 2 വരെ നീട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. ജൂലൈ 18 ആയിരുന്നു നേരത്തെ അവസാന തീയതി. അധിക സീറ്റുകൾക്കും പുതിയ കോഴ്സുകൾക്കും എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചിട്ടും സർവകലാശാലയുടെ അഫിലിയേഷൻ വൈകുന്നതായി ചൂണ്ടിക്കാട്ടി ചില സ്വാശ്രയ കോളേജുകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കൂടാതെ, അഫിലിയേഷനുള്ള അപേക്ഷകളിൽ ജൂലൈ 31-നകം തീരുമാനമെടുക്കാൻ കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകി. പ്രവേശന പരീക്ഷാ കമ്മീഷണറും അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജൂലൈ 18-ന് വൈകിട്ട് 4 മണി വരെ നീട്ടിയിട്ടുണ്ട്.











